This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോഹന്‍, സ്റ്റാന്‍ലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോഹന്‍, സ്റ്റാന്‍ലി

Cohen, Stanley (1922 )

സ്റ്റാന്‍ലി കോഹന്‍

നോബല്‍സമ്മാനിതനായ (1986) അമേരിക്കന്‍ ജൈവരസതന്ത്രജ്ഞന്‍. നാഡീ-ത്വക് കലകളുടെ വളര്‍ച്ചാഘടകങ്ങള്‍, കോശങ്ങളുടെ വളര്‍ച്ചാഘടകങ്ങള്‍ എന്നിവയുടെ കണ്ടുപിടിത്തങ്ങളാണ് കോഹന്റെ ശ്രദ്ധേയമായ നേട്ടങ്ങള്‍.

1922 ന. 17-ന് ന്യൂയോര്‍ക്കിലെ ബ്രൂക്ലിനില്‍ ജനിച്ചു. 1945-ല്‍ ബെര്‍ലിന്‍ കോളജില്‍നിന്ന് ജന്തുശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും 1948-ല്‍ മിഷിഗണ്‍ സര്‍വകലാശാലയില്‍നിന്ന് ജൈവരസതന്ത്രത്തില്‍ പിഎച്ച്.ഡി.യും. കരസ്ഥമാക്കി. തുടര്‍ന്ന് ചിക്കാഗോ സര്‍വകലാശാലയില്‍ നിന്നും ഡി.എസ്സി. ബിരുദം നേടി. മിഷിഗണ്‍ സര്‍വകലാശാല (1946-48), കൊളറാഡോ സര്‍വകലാശാല (1948-52), സെന്റ് ലൂയി സര്‍വകലാശാല (1952-53), വാന്‍ഡര്‍ ബില്‍റ്റ് സര്‍വകലാശാല (1959-86) എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചു.

പ്രോട്ടീനിന്റെ ശുദ്ധമായ സാമ്പിള്‍ ആദ്യമായി സംസ്കരിച്ചെടുത്തത് കോഹനാണ്. ഇത് നാഡീവളര്‍ച്ചാഘടകം (nerve growthfactor) എന്ന് അറിയപ്പെടുന്നു. 1950-ല്‍ റീതാ ലെവി-മൊണ്ടാല്‍സിനി എന്ന ശാസ്ത്രജ്ഞനുമായിച്ചേര്‍ന്നാണ് ത്വക്കിലെ കോശവളര്‍ച്ചയെ നിയന്ത്രിക്കുന്ന എപ്പിഡെര്‍മല്‍ ഗ്രോത്ത് ഫാക്ടര്‍ (E.G.F.) കണ്ടുപിടിച്ചത്. കോശങ്ങളുടെ ഉപരിതലത്തില്‍ സ്ഥിതിചെയ്യുന്നതും ഇ.ജി.എഫിന്റെ സ്വീകാരിയുമായ ഒരു പ്രോട്ടീനും ഇദ്ദേഹം കണ്ടുപിടിച്ചിട്ടുണ്ട്. റീതാലെവി-മൊണ്ടാല്‍സിനിയും കോഹനും ചേര്‍ന്നു നടത്തിയ വളര്‍ച്ചാഘടകങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ ജന്മവൈകല്യങ്ങളെക്കുറിച്ചും ഓങ്കോളജിയെക്കുറിച്ചുമുള്ള ഗവേഷണങ്ങള്‍ക്ക് തുടക്കമിട്ടു. ഈ ഗവേഷണപ്രവര്‍ത്തനങ്ങളാണ് ഫിസിയോളജിക്കും മെഡിസിനുമുള്ള നോബല്‍ സമ്മാനത്തിന് കോഹനെ അര്‍ഹനാക്കിയത്.

നോബല്‍സമ്മാനത്തിനു പുറമേ വൈദ്യശാസ്ത്ര ഗവേഷണ പഠനത്തിനുള്ള ആല്‍ബര്‍ട്ട് ലാസ്കര്‍ അവാര്‍ഡ്, ആല്‍ഫ്രഡ് പി. സ്ളോവന്‍ അവാര്‍ഡ് (1982), നാഷണല്‍ മെഡല്‍ ഒഫ് സയന്‍സ് (1986) എന്നിവയും കോഹനു ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം ശിശു-ആരോഗ്യ-മാനവശേഷി ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വപദവിയില്‍ ഔദ്യോഗിക സേവനമനുഷ്ഠിച്ചുവരുന്നു (2012).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍